മെല്‍ബണ്‍: മെല്‍ബണിലെ ശിശുസംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരന്‍ നവജാത ശിശുക്കള്‍ ഉള്‍പ്പടെയുള്ള കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ചതായി തെളിഞ്ഞതിനു പിന്നാലെ 1200 ഓളം കുട്ടികളള്‍ക്ക് ലൈംഗിക രോഗങ്ങളുണ്ടോയെന്ന് പരിശോധിക്കാനൊരുങ്ങി ഓസ്ട്രേലിയ സര്‍ക്കാര്‍.
ശിശുസംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരനായ ജോഷ്വാ ബ്രൗണ്‍ (26) എന്നയാളാണ് വിക്റ്റോറിയ പൊലീസിന്‍റെ അറസ്ററിലാവുന്നത്. മേയ് മാസത്തില്‍ അറസ്ററിലായ ഇയാള്‍ക്കെതിരേ ലൈംഗിക പീഡനം അടക്കമുള്ള 70ലേറെ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.
2022 ഏപ്രിലിനും 2023 ജനുവരിക്കും ഇടയില്‍ 5 മാസം പ്രായമുള്ള ഒരു കുട്ടി ഉള്‍പ്പെടെ, 2 വയസിന് താഴെയുള്ള 8 കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് 2017 ജനുവരി മുതല്‍ 2025 മേയ് മാസം വരെ ഇയാള്‍ മുന്‍പ് ജോലി ചെയ്തിരുന്ന 20 ലേറെ ശിശുസംരക്ഷണ കേന്ദ്രങ്ങളിലും സമാന രീതിയിലുള്ള കുറ്റകൃത്യങ്ങള്‍ ഇയാള്‍ ചെയ്തതായി വ്യക്തമാകുന്നത്. ഇതോടെയാണ് കുട്ടികളെ ലൈംഗിക രോഗങ്ങള്‍ക്കായി പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്.
ഇയാളുടെ പക്കല്‍ ശിശുസംരക്ഷണ കേന്ദ്രത്തില്‍ പ്രവര്‍ത്തികാനുള്ള സാധുവായ രേഖകള്‍ ഉണ്ടായിരുന്നതായും പിടിക്കപ്പെടുന്ന സമയത്തും ഇയാള്‍ മറ്റൊരിടത്ത് ചൈല്‍ഡ്കെയര്‍ വര്‍ക്കര്‍ ആയി ജോലി ചെയ്യുകയായിരുന്നു എന്ന് വിക്ടോറിയ പൊലീസിലെ ജാനറ്റ് സ്ററീവന്‍സണ്‍ പറഞ്ഞു.
അതേസമയം, കുറ്റാരോപിതനായ വ്യക്തിക്ക് ലൈംഗിക രോഗങ്ങളുള്ളതായി സ്ഥിരീകരിച്ചോ എന്നത് ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും കുട്ടികള്‍ക്ക് ബാധിച്ചിരിക്കാവുന്ന അണുബാധകള്‍ക്ക് ഒരുപരിധിവരെ ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് ചികിത്സിക്കാന്‍ കഴിയുന്നതിനാല്‍ മുന്‍ കരുതലിന്‍റെ ഭാഗമായി കുട്ടികളോട് പരിശോധിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു എന്ന് വിക്ടോറിയയിലെ ചീഫ് ഹെല്‍ത്ത് ഓഫീസറായ ഡോ. ക്രിസ്ററ്യന്‍ മഗ്രാത്ത് പറഞ്ഞു.
ഏകദേശം 2600ഓളം കുടുംബങ്ങളെ ഇതോടെ ബന്ധപ്പെട്ടതായും 1200 കുട്ടികളെ ലൈംഗിക രോഗങ്ങളുണ്ടോയെന്ന പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചതായും ഡോ. ക്രിസ്ററ്യന്‍ മഗ്രാത്ത് ചൊവ്വാഴ്ച വിശദമാക്കി. ഇക്കാലയളവില്‍ ഈ ശിശു സംരക്ഷണ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന കുട്ടികള്‍ക്ക് എച്ച്ഐവി അടക്കമുള്ള ലൈംഗിക രോഗങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

Comments: